കുപെർട്ടിനോ (കാലിഫോർണിയ): ഐഫോൺ ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന വൻ എഐ പരിഷ്കാരങ്ങളുമായി ആപ്പിൾ. ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ “ഡബ്ല്യുഡബ്ല്യുഡിസി’’യിലാണ് തങ്ങളുടെ തങ്ങളുടെ വോയ്സ് അസിസ്റ്റായ “സിരി’’യുടെ അത്യാധുനിക എഐ പതിപ്പും പുതിയ സുരക്ഷാ ഫീച്ചറുകളും കന്പനി പ്രഖ്യാപിച്ചത്.
“സിരി എഐ’’ എന്നു പേരിട്ടിരിക്കുന്ന ഈ പരിഷ്കാരം സിരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ്. നിലവിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺഎഐ (ചാറ്റ് ജിപിടി) തുടങ്ങിയ കന്പനികൾ എഐ രംഗത്ത് കൈവരിച്ച വൻ മുന്നേറ്റത്തിനു മറുപടി നല്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ പുതിയ നീക്കം. സ്ക്രീൻ വായനയും മികച്ച സംഭാഷണവും ഫോണിന്റെ സ്ക്രീനിൽ എന്താണുള്ളതെന്നു കൃത്യമായി മനസിലാക്കാൻ പുതിയ സിരിക്കു സാധിക്കും.
ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും മുൻകാല സംഭാഷണങ്ങളും ഓർത്തെടുക്കാനുള്ള ശേഷിയും ഇതിനുണ്ടാകും. കൂടുതൽ സ്വഭാവികമായ ശബ്ദത്തിലും ശൈലിയിലുമായിരിക്കും പുതിയ സിരി സംസാരിക്കുക. ‘പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് ’ സുരക്ഷ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ആപ്പിൾ ഇന്റലിജൻസ് രൂപകൽപന ചെയ്തിരിക്കുന്നത്. മിക്ക എഐ പ്രക്രിയകളും ഫോണിനുള്ളിൽതന്നെ നടക്കും. കൂടുതൽ കംപ്യൂട്ടിംഗ് ശേഷി ആവശ്യമുള്ള സന്ദർഭങ്ങളിൽ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും. ഈ വിവരങ്ങൾ ആപ്പിളിനുപോലും കാണാൻ സാധിക്കില്ലെന്നും ഡേറ്റ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ആപ്പിൾ സോഫ്റ്റ്വേർ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡറിഗി വ്യക്തമാക്കി.
ഇതിനൊപ്പം ഐഫോണുകൾക്കായി ‘ഐഒഎസ് 27’ (iOS 27) ഒഎസും മാക്കുകൾക്കായി ‘ഗോൾഡൻ ഗേറ്റ് ’ (Golden Gate) എന്ന പുതിയ ഒഎസും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഐഒഎസ് 27 ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ലഭ്യമാകുമെങ്കിലും എഐ ഫീച്ചറുകൾ പുതിയ മോഡലുകളിൽ മാത്രമായായിരിക്കും പരിമിതപ്പെടുത്തുക. ആദ്യ ഘട്ടങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാകുക.
കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയനിലും ചൈനയിലും ആദ്യഘട്ടങ്ങളിൽ സിരി എഐ ലഭ്യമാകില്ലെന്നും കന്പനി അറിയിച്ചു. എഐ സാങ്കേതികവിദ്യക്കായി വൻതോതിൽ പണം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി, കന്പനിയുടെ അധികമുള്ള പണം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകുന്ന രീതി അവസാനിപ്പിക്കുകയാണെന്ന് ആപ്പിൾ ചീഫ് ഫിനാൻഷൽ ഓഫീസർ കെവൻ പരേഖ് സൂചന നല്കി.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി സഹകരിച്ച് പുതിയ നിയന്ത്രണങ്ങളും ആപ്പിൾ അവതരിപ്പിച്ചു.